Saturday, January 14, 2012

യാചകന്‍



നഗ്ന പാദന്‍
കണ്ണുകളില്‍ ജരാനരകള്‍ 
വിശപ്പിന്റെ  രോദനങ്ങളലരുന്ന 
വയറിനു കുറുകേ
കെട്ടിയമര്‍ത്തിയ പാതി വസ്ത്രം .
ഊന്നു വടിയില്‍ ഭാരം പടര്‍ത്തി 
വിധിയുടെ തീകനലിലൂടെ അവനും ..

അവന്‍ മനുഷ്യന്‍ 
അവന്റെ മുന്നില്‍ ഇന്നലകളുടെ ചുവര്‍ചിത്രങ്ങളോ ,
നാളയുടെ ദുര്‍നിമിത്തങ്ങളോയില്ല .
തുരുമ്പടുത്ത  ഭിക്ഷ പാത്രത്തിലേക്ക്  
വന്നു വീഴുന്ന വറ്റുകളുടെ ആകെ തുകയായ്
അവനും ജീവിതം മെനയണം.

അവന്‍ മനുഷ്യന്‍ 
വെച്ച് നീട്ടിയ ഓട്ടപാത്രത്തിലേക്ക് 
നീയെറിഞ്ഞ ചില്ലറ തുട്ടുകള്‍ക്ക് 
ആരായുസ്സിന്റെ ,ഗതികേടിന്റെ -
ഇനിയും പിറകാത്ത സ്വപ്നങ്ങളുടെ 
അടങ്ങാത്ത തീക്ഷ്ണതയുണ്ട് .

അവന്‍ മനുഷ്യന്‍ 
നിസ്സഹായതയുടെ കൈവെള്ളയിലേക്ക് 
നീ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ 
കണ്ണീരില്‍ കഴുകി കളയാന്‍ അവനെന്നേ ശീലിച്ചിരിക്കുന്നു .
രാവിന്റെ തണുത്ത തിരശീലക്കു പിന്നില്‍ 
പൊട്ടിയൊലിക്കുന്ന മുറിവുകളുമായ് തീകായുമ്പോള്‍ 
വിടര്‍ന്നു വന്നത് കയ്പ്പുനീരിന്റെ വസന്തകാലം
 
അവന്‍ മനുഷ്യന്‍ 
വില്‍ക്കാനുണ്ട് അവയവങ്ങള്‍ 
വേദനിപ്പിക്കാതെ കീറിമുറിക്കുക 
ഇനി കണ്ണീരില്ല 
പാതിയായ ആയുസ്സിന്റെ  പേറ്റുനോവില്ലാതെ 
അടിമയക്കപെട്ടവന്റെ  ആത്മരോഷം  
കാലത്തിനു നേരെ അവന്‍ തൊടുത്തു വിടും .
ആയുസ്സ് തീര്‍ന്നു ചീഞ്ഞുനാറുമ്പോള്‍
പുഞ്ചിരിക്കണം അവസാനമായി ...

ഇനി ശാപ വക്കുകളെറിയാന്‍ അവനില്ല 
അവന്റെ  പരമ്പരയുമില്ല  
നീ മാത്രം, നിന്നിലൂടെ അവന്‍ പുനര്‍ജ്ജനിക്കും ,
അവന്റെ  പാതയിലേക്ക് നിന്നെ നയിക്കാന്‍ 
നിന്റെ  മക്കള്‍ കൊതിക്കുവെങ്കില്‍ 
അതവന്റെ  മധുര പ്രതികാരം .
മറിച്ചാണങ്കില്‍ നിന്റെ ജീവിതം അവന്റെ 
വെറും ഔദാര്യവും ...
ജയപരാജയങ്ങളിലാത്ത അവന്റെ 
ജീവിതമോര്‍ത്തു  പുഞ്ചിരിക്കുക   ഒരിക്കല്‍ കൂടി ....


3 comments:

  1. ന‌ന്നായിട്ടുണ്ട്
    നല്ല ആഴമുള്ള വരികൾ
    വളരെ ഇഷ്ടമായതിനാൽ
    ഞാനിതെടുത്ത് FB യിലെ
    ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
    എന്നൊട് ക്ഷമിക്കുക-

    ReplyDelete
  2. നന്നായിട്ടുണ്ട്..

    ReplyDelete