Friday, October 12, 2012

നിഴലുകള്‍ ..



നിശബ്‌ദതയുടെ രുചി പടര്‍ന്ന പ്രയാണങ്ങളില്‍ 
നിശ്വാസത്തിന്റെ വറ്റാത്ത നീരുറവയുമായി
ജീവിത കാഴ്ചകള്‍ ചായം പുരട്ടിയ ചുമര്‍ചിത്രങ്ങളില്‍ 
എന്നെ കുറിക്കാന്‍ വെമ്പിയ നാളുകള്‍ ,
ഒടുവില്‍ പിന്നിലേക്ക്‌ വഴിമാറപ്പെട്ട  യാമങ്ങള്‍ .

നിന്‍ മേനിയില്‍ ചവിട്ടി മുന്നേറാന്‍ ശ്രമിച്ചു 
നനുത്ത വിജയത്തിന്റെ കൊടിക്കൂറകളുമായി 
നിന്റെ  മുന്നില്‍ തോല്‍വിയുടെ വസ്ത്രമുരിയുമ്പോള്‍ 
നഗ്നതയില്‍ പൂത്ത സ്വപ്നങ്ങള്‍ക്ക് 
നിറം പടരാന്‍ തുടങ്ങുകയാണ് ....

ശൈശവത്തിന്റെ  നിറഭേദങ്ങള്‍  കൊഴിഞ്ഞു -
ജീവിതത്തിന്റെ  കണ്ണീരു കുതിര്‍ന്ന കുപ്പിവളകള്‍ക്കു -
മുകളില്‍ പതിഞ്ഞ പ്രാരാബ്ദത്തിന്‍ കാല്‍പ്പാടുകളില്‍ 
വാര്‍ന്നൊലിക്കുന്ന മധുര മോഹങ്ങള്‍ക്കായ്‌
മണിയറയൊരുക്കുന്ന തിരക്കിലോ ഞാന്‍ 
നിന്നെ അറിയാതെ പോയത് ...

ബാധ്യതയായ് തോന്നുന്ന സ്നേഹത്തിന്റെ  ചവര്‍പ്പും 
ഉമിത്തീയായ് കാര്‍ക്കിച്ചു തുപ്പുന്ന ബന്ധങ്ങളും 
പട്ടിണി ഭ്രാന്തനായ് തെരുവിലലഞ്ഞ നാളുകള്‍ക്കുള്ള -
സമ്മാനമായി കൂടുവിട്ടു പറന്ന സ്വന്തം സൌഹൃദങ്ങള്‍ക്കുമൊടുവില്‍ 
മൃതശരീരത്തിന് കൊള്ളി വെയ്ക്കാന്‍ പാഞ്ഞടുക്കുന്ന -
ഇരുകാലി തെരുവ് നായ്ക്കളും മനസ്സിന്റെ  ഉള്ളറകളില്‍ -
തുടികൊട്ടിയുണര്‍ത്തുമ്പോള്‍ ,അറിഞ്ഞിരുന്നോ ഞാന്‍ 
നീയെന്റെ  പാദങ്ങളെ തഴുകിയുണര്‍ത്തിയത് .

നുരഞ്ഞു പൊങ്ങുന്ന മനുഷ്യ ജന്മങ്ങള്‍ -
തളിരുടുന്ന ഈ സുന്ദര താഴ്വാരത്തിലെ 
കുരുടനായ എന്നെ തിരഞ്ഞെടുക്കാന്‍ മാത്രം 
 അന്ധനായിരുന്നോ നീയും ?

ചവിട്ടി മുന്നേറാന്‍ തീകനലുകള്‍ വിരിച്ച പരവതാനികള്‍ 
സ്നേഹത്തിന്റെ  ചവര്‍പ്പ് , ദാഹജലമായ് കണ്ണുകളില്‍ -
നിന്നും ചുണ്ടിലേക്ക്‌ അരിച്ചിറങ്ങുന്നു .
ഒടുവില്‍ അലഞ്ഞു വിശ്രമിക്കാന്‍ 
പണിതുയര്‍ത്തിയ മണല്‍പ്പരപ്പുകളും ബാക്കി  നിര്‍ത്തി 
നഗ്നനായ് ഞാനിരിക്കുമ്പോളും
നീ എന്തേ എനിക്കൊപ്പം ....

ഇന്ന് തിരിച്ചറിവിന്റെ ചില്ലപ്പൂത്ത ദിനം 
എനിക്കായ് വഴി തെളിക്കാന്‍ , 
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു 
എന്‍ മനസ്സിന്റെ  തീരങ്ങളില്‍ കൈപിടിച്ച് നടത്താന്‍ 
നീ മാത്രമെന്ന സത്യം 
ഈ കല്‍പ്പടവുകളില്‍ ഞാന്‍ കൊത്തിവെക്കുന്നു 

6 comments:

  1. നല്ല വരികള്‍ .ഇഷ്ടമായി കവിത .

    ReplyDelete
  2. അവനവനെ കുറിച്ചിടാന്‍ വെമ്പുമ്പോള്‍ നിസ്സഹായത പൂണ്ട്
    കാത്തിരിക്കുന്ന കവിത. ആശംസകള്‍

    ReplyDelete
  3. വളരെ നല്ല വരികളാണ്, ഇഷ്ടമായി കവിത, കൂടുതൽ മുന്നേറുക

    എല്ലാ ആശംസകളും ...!

    ReplyDelete
  4. നല്ല വരികള്‍ .ഇഷ്ടമായി കവിത .

    ReplyDelete
  5. ദാര്‍ശ്ശനീകതയും, വിരഹവും, നോവുന്ന പ്രണയവും സമന്വയീകരിച്ച ഈ രചനകള്‍ക്ക് തിളക്കമുണ്ട്. വായിച്ചു, ഇഷ്ടമായി.

    ReplyDelete