Sunday, January 5, 2014

പ്രവാസ ഭൂമിയിൽ


ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി  ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ  പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്
അവരാണ് എന്റെ ജീവനും ആത്മാവും

ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,
എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും

കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ  കാത്തിരിക്കും
അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ


10 comments:

  1. ശുഭാപ്തി വിശ്വാസം നല്ലതാണു..
    ഒരു നല്ല നാളേക്കായ്‌ സ്വയം എരിയാതുണരാൻ ആശംസകൾ..
    നല്ല വരികൾ..!

    ReplyDelete
  2. നല്ല വരികള്‍ - ഒന്നുകൂടി ആറ്റിക്കുറുക്കിയാല്‍ മികച്ച കവിതയാകും.....

    ReplyDelete
  3. ശ്രമിക്കാം പ്രദീപ്‌ സര്‍ ...നന്ദി വര്‍ഷിണി ചേച്ചി ...

    ReplyDelete
  4. പ്രവാസം കൊടിയ ദാരിദ്ര്യമാണ്.

    ReplyDelete
  5. പ്രവാസം സുന്ദരമാണ്.

    ReplyDelete
    Replies
    1. പ്രവാസം സുന്ദരമാണെന്ന് ഒരാളെങ്കിലും പറഞ്ഞല്ലൊ. സന്തോഷായി..ഇനി മരിച്ചാലും വേണ്ടൂല

      Delete
    2. നാട്ടില്‍ നില്‍ക്കുമ്പോള്‍ പ്രവാസം സുന്ദരം തന്നെ

      Delete
  6. എനിക്കായ് വിധിയെഴുതിയ നാളുകൾ
    ഒരിക്കൽ ഞാൻ തിരിച്ചെടുക്കും
    നല്ല വരികള്‍...

    ReplyDelete
    Replies
    1. സന്തോഷം ഈ വായനക്ക്

      Delete
  7. പൊട്ടി ചിരിച്ചു കുലുങ്ങി ഒഴുകുന്ന പുഴയുടെ -
    നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
    താരാട്ട് പാടുന്ന രാത്രിയുടെ
    മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

    ReplyDelete