Friday, December 11, 2015

കരിക്കോട്ടക്കരി



അധികാര കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിനെ മുന്നില്‍ നിര്‍ത്തി ക്രിസ്ത്യന്‍ കുടിയേറ്റവും, ദളിത്‌ ക്രൈസ്തവ ജീവിതവും നോവലായി മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഈയിടെ വായിച്ച ഏറ്റവും നല്ല വായനയായി ഈ ബുക്ക്‌ മാറപ്പെടുകയായിരുന്നു. വെളുത്ത കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിന്റെ മാനസികമായ വ്യഥകളും പിരിമുറുക്കങ്ങളും അവഗണനകളും കരികോട്ടക്കരിയിലേക്ക് അവനെ നയിക്കുകയായിരുന്നു. ഉന്നതമായ അധികാര കുടുംബത്തില്‍ നിന്നും കരിക്കോട്ടക്കരിയിലെത്തുന്ന ഇറാനിമോസിനെ കാത്തിരുന്നത് ഈ നോവലില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്കോളാസ് അച്ഛനും സ്വന്തം സുഹൃത്തുമായിരുന്നു. അവിടെ നിന്നും കഥ ഗതിമാറി ഒഴുകാന്‍ തുടങ്ങുകയാണ്. ജാര സന്തതി എന്ന പാപഭാരത്തില്‍ നിന്ന് മുക്തിനേടാന്‍ സ്വന്തം തായ് വേരുകള്‍ തേടി അലയുന്ന ഇറാനിമോസ് ഓരോ വായനക്കരനെയും വായനയുടെ പ്രത്യേക തലങ്ങളില്‍ എത്തിച്ചിരിക്കും. കരിക്കോട്ടക്കരിയിലെ ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുമ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഗതി മാറി വായന എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.പന്നിയച്ചന്‍,യോന്നാച്ചന്‍,സെബാന്‍,എമിലി ചേച്ചി,സണ്ണി ചേട്ടന്‍,ബിന്ദു ,കണ്ണു കാണാത്ത മരങ്ങനും, കപ്ലിയും, വെളുത്തച്ഛന്‍, ചാഞ്ചന്‍ വല്യച്ചന്‍,കണ്ണമ്മ ചേച്ചി, സ്വന്തം അച്ഛനും അമ്മയും എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവോടെ വായനയില്‍ ഒരു വശ്യത തീര്‍ക്കുന്നു. അത് തന്നെയാവും തുടര്‍ച്ചയായി കണ്ണുകളെടുക്കാതെ വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും.

"കണ്ണമ്മ ചേച്ചി ചീന്തിയ ഒരു വാഴയിലയില്‍ നെല്ലും ചെമ്പരത്തി പൂക്കളും തല വെട്ടിയ ഒരു കരിക്കും എന്റെ കയ്യില്‍ തന്നു. "വല്യപ്പച്ചന് കൊണ്ട് പോയി കൊടുക്ക്‌". ചേച്ചി ഇലവുമരത്തിന്റെ നേരെ നോക്കി നെഞ്ചില്‍ കൈവെച്ചു. കരിക്കുമായി ചെല്ലുമ്പോള്‍ വല്യച്ഛന്‍ വടിയിലൂന്നി കുത്തിയിരിക്കുകയായിരുന്നു.കൈകൊണ്ടു എന്നോടും ഇരിക്കാന്‍ ആംഗ്യം കാട്ടി. വല്യച്ഛന്‍ അവ്യക്തമായ ഒരു മരണഗാനം ഇഴഞ്ഞ് പാടാന്‍ തുടങ്ങി. പാട്ടിനിടയില്‍ നെല്‍മണികള്‍ വാരി കല്ലുകള്‍ക്ക് നേരെ എറിഞ്ഞു. പിന്നെ ഓരോ ചെമ്പരത്തിപ്പൂവെടുത്തു ഇതള്‍ പറിച്ചെറിഞ്ഞു. അവസാന ഇതളും എറിഞ്ഞു കഴിഞ്ഞു കല്ലുകള്‍ക്ക് നേരെ മരിച്ചത് പോലെ കുമ്പിട്ടു വീണു " എന്നെ സ്പര്‍ശിച്ച ഈ വരികളുടെ അര്‍ത്ഥമറിയണമെങ്കില്‍ , അതിന്റെ ആഴവും പരപ്പും അതേ വികാരത്തോടെ അനുഭവിക്കണമെങ്കില്‍ ഈ വായനയെ നെഞ്ചിലേറ്റുക തന്നെ വേണം. ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും മതമാറ്റ പ്രവര്‍ത്തങ്ങള്‍ സുലഭമായി നടന്നു പോകുമ്പോള്‍ പുലയ- ക്രൈസ്തവ അധികാരമാറ്റവും മതമാറ്റ വിഷയവും , അതില്‍ തെറ്റു തിരിച്ചറിഞ്ഞു അതില്‍ നിന്നുള്ള ഒരു തിരിച്ചു പോക്കും ഇത്ര ധീരതയോടെ നോവലായി അവതരിപ്പിക്കാന്‍ എടുത്ത ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. " ഈറ്റു ചേട്ടായിക്കറിയോ ഈ കാരിക്കോട്ടകരിയിലെ എല്ലാ മനുഷ്യ ജീവികളും ആഗ്രഹികുന്നത് പുലയരാവാനാ.. നിവൃത്തിക്കേട്‌ കൊണ്ട് മാത്രമാ എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും" എല്ലാം ഈ വാക്കുകളില്‍ അതെല്ലാം നോവലിസ്റ്റ് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു പ്രണയം അവിടെ തകരുന്നെകിലും വായനക്കിടയില്‍ മനസ്സില്‍ തട്ടിയ വാക്കുകള്‍ വായനയെ കൂടുതല്‍ വികാര ഭരിതമാക്കി.

എടുത്തു പറയാന്‍ ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ വായനയുടെ ക്ലൈമാക്സ് എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്ര മനോഹരമായി ഇതില്‍ കൂടുതല്‍ ഈ നോവല്‍ അവസാനിപ്പിക്കാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ എന്റെ പരിമിതമായ വായനാശീലം വെച്ച് എനിക്ക് കഴിയില്ല എന്ന് തീര്‍ച്ചപ്പെടുത്തുന്നു . "ഞാനീ മേലോത്ത് തന്നെയുണ്ടാകും ക്രിസ്ത്യാനിയായല്ല പുലയനായി" ഇറാനിമോസ് അവസാനം പ്രഖ്യാപിക്കുന്നു. ജാതി രാഷ്ട്രീയം കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴി തുറക്കുന്ന ഈ സമയത്ത് ഈ നോവലിനെ വിലയിരുത്താന് വായനക്കാരന് വിട്ടു കൊടുക്കുന്നു .നന്ദി നന്ദി നന്ദി ഇങ്ങനെ ഒരു വായനയെ ഞങ്ങള്‍ക്കായി കാത്തു വെച്ചതിന്. തീര്‍ച്ചയായും വായിക്കപ്പെടേണ്ട പുസ്തകം. തികഞ്ഞ സന്തോഷത്തോടെ സൌഹൃദങ്ങള്‍ക്ക് വായനക്കായി മുന്നില്‍ വെയ്ക്കുന്നു.

ഡി.സി .ബുക്സ്
വില:100 രൂപ

4 comments:

  1. മികച്ച നോവല്‍..

    ReplyDelete
  2. പെരിന്തല്‍മണ്ണ ഡി സിയില്‍ രണ്ടു പ്രാവശ്യം പോയി അന്വേഷിച്ചു ബുക്ക്‌ കിട്ടാതെ പോന്നു. ബുക്ക് കിട്ടാത്ത സങ്കടത്തിന് ആക്കം കൂട്ടി ഈ പോസ്റ്റ്‌ വിജിന്‍...

    ReplyDelete
    Replies
    1. ഈ കമന്റ്‌ കണ്ടപ്പോള്‍ പെരുത്ത്‌ സന്തോഷം ഇങ്ങള് വായിക്കാത്ത ബുക്കും ഉണ്ടല്ലോ ....

      Delete